/kalakaumudi/media/media_files/2025/09/04/germaan-2025-09-04-11-36-45.jpg)
ന്യൂഡല്‍ഹി : സാങ്കേതിക വളര്‍ച്ചയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ കൈവരിച്ച മുന്നേറ്റം തന്നെ ഞെട്ടിച്ചതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബെര്‍ലിനും ന്യൂഡല്‍ഹിയും തമ്മിലുള്ള ശക്തമായ സഹകരണത്തിനുള്ള സാധ്യതകള്‍ വളരെ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
''ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സഹകരണം കൂടുതല്‍ വികസിപ്പിച്ചാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് വളരെയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഇന്ത്യന്‍ നഗരങ്ങളിലെ സന്ദര്‍ശനത്തില്‍ ഇന്ന് ഇന്ത്യ എത്ര നൂതനമായ ഒരു ശക്തികേന്ദ്രമായും സാങ്കേതിക കേന്ദ്രമായും മാറിയിരിക്കുന്നുവെന്ന് നേരിട്ട് കണ്ടു. ആഗോളതലത്തില്‍ ഇന്ന് ഇന്ത്യയ്ക്ക് പ്രത്യേക തന്ത്രപരമായ പ്രാധാന്യമുണ്ട്. പ്രതിരോധം, സുരക്ഷ, ആയുധങ്ങള്‍ എന്നിവയില്‍ സഹകരണം വികസിപ്പിണം'' എന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണാത്മക നിലപാടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ച് വാഡെഫുളും ജയ്ശങ്കറും തങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സംയുക്ത അഭ്യാസങ്ങളിലൂടെയോ വേഗത്തിലുള്ള കയറ്റുമതി ലൈസന്‍സിംഗ് പ്രക്രിയകളിലൂടെയോ പ്രതിരോധത്തിലും സുരക്ഷയിലും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും ജര്‍മ്മനിയും ലക്ഷ്യമിടുന്നതായി സംയുക്ത പത്രസമ്മേളനത്തില്‍ ഇരു വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി.