ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാലജാമ്യം

ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സുപ്രീം കോടതി മാര്‍ച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ അനുയായികളെ കാണരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

author-image
Prana
New Update
asaram bapu

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സുപ്രീം കോടതി മാര്‍ച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ അനുയായികളെ കാണരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോള്‍ പോലീസ് സുരക്ഷയിലാകണമെന്നും എന്നാല്‍, എവിടെ ചികിത്സിക്കണമെന്നത് പോലീസ് നിര്‍ദേശിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
17 ദിവസത്തെ പരോള്‍ കഴിഞ്ഞ് ജനുവരി ഒന്നാം തീയതിയാണ് ആസാറാം ബാപ്പു ജോധ്പുര്‍ ജയിലില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാലജാമ്യം ലഭിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആസാറാം ബാപ്പു പുണെയില്‍ ചികിത്സ തേടിയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അടുത്തിടെ ജോധ്പുര്‍ എയിംസിലും ഇയാളെ പ്രവേശിപ്പിച്ചിരുന്നു.
ആശ്രമത്തില്‍വെച്ച് 16കാരിയെ പീഡിപ്പിച്ച കേസില്‍ 2018ലാണ് ജോധ്പുര്‍ കോടതി ആസാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനുപിന്നാലെ ഗാന്ധിനഗറിലെ ആശ്രമത്തില്‍ ശിഷ്യയെ പീഡിപ്പിച്ചെന്ന കേസില്‍ 2023ല്‍ ഗുജറാത്തിലെ കോടതിയും ആസാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
അതേസമയം, രണ്ടാമത്തെ കേസിലും ഇടക്കാലജാമ്യം ലഭിച്ചാല്‍ മാത്രമേ ആസാറാം ബാപ്പുവിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാകൂവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ കേസിലും ഇടക്കാലജാമ്യം ലഭിക്കുന്നതുവരെ പ്രതി ജയിലില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

interim bail Rape Case asaram bapu Supreme Court