ഗോദ്‌റെജിന്റെ പൂട്ടും പൊളിയുന്നു; കമ്പനി പിളര്‍ന്നു

ഏകദേശം 1000 ഏക്കര്‍ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗോദ്‌റെജ് കുടുംബത്തിലുണ്ടായ തര്‍ക്കമാണ് വിഭജനത്തില്‍ കലാശിച്ചത്.

author-image
Rajesh T L
Updated On
New Update
godrej news

godrej

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: രാജ്യത്തെ സാമ്പത്തികവളര്‍ച്ചയില്‍ നിര്‍ണായ സ്വാധീനമുണ്ടായിരുന്നതും നിരവധി ജനപ്രീയ ബ്രാന്‍ഡുകളുടെ പ്രഭവകേന്ദ്രവുമായ ഗോദ്‌റെജ് ഗ്രൂപ്പ് പിളര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. 127 വര്‍ഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജിന്റെ മൂന്നാം തലമുറയില്‍പ്പെട്ട ബര്‍ജോറിന്റെ മക്കളായ ആദിയും നാദിറും നേവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരുമാണ് ബിസിനസ് സാമ്രാജ്യം വിഭജിക്കാന്‍ ധാരണയിലെത്തിയത്. വിഭജനത്തിന്റെ ഭാഗമായി സഹോദരങ്ങളായ ജംഷിദ് ഗോദ്‌റേജിനും സ്മിത കൃഷ്ണനും ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് മാനുഫാക്ച്ചറിംഗ് കമ്പനി ലിമിറ്റഡ് ലഭിക്കുമെന്നാണ് പറയുന്നത്.

എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധം, എന്‍ജിന്‍, മോട്ടോറുകള്‍, കണ്‍സ്ട്രക്ഷന്‍, ഫര്‍ണിച്ചര്‍, സോഫ്റ്റ്വെയര്‍, ഐടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് ഗോദ്റെജ് ആന്‍ഡ് ബോയ്സ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്. ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലാകും ഇത് പ്രവര്‍ത്തിക്കുക. സ്മിതയുടെ മകളായ നൈരിക ഹോള്‍ക്കര്‍ ഈ വിഭാഗത്തിന്റെ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ജംഷിദ് ഗോദ്റെജ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായിരിക്കും.

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ആസ്ടെക് ലൈഫ് സയന്‍സ് ലിമിറ്റഡ് എന്നീ ലിസ്റ്റഡ് കമ്പനികള്‍ നാദിര്‍, ആദി ഗോദ്റെജ് കുടുംബങ്ങള്‍ക്ക് ലഭിക്കും. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിനെ നാദിര്‍ ഗോദ്‌റെജ് നയിക്കും. 2026 ആഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമിയായി ആദിയുടെ മകന്‍ പിറോജ്ഷ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പഴ്സണാകുമെന്നും വാര്‍ത്തകളുണ്ട്.

1897ല്‍ അര്‍ദേശില്‍ ഗോദ്‌റെജും സഹോദരന്‍, പിരോജ്ഷാ ബുര്‍ജോര്‍ജി ഗോദ്റെജും ചേര്‍ന്നാണ് ഗോദ്‌റെജ് കമ്പനിക്ക് തുടക്കമിട്ടത്. അര്‍ദേശിന് ആണ്‍മക്കള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കമ്പനി പിരോജ്ഷായുടെ കൈയില്‍ എത്തുകയായിരുന്നു. സൊഹ്‌റാബ്, ദോസ, നേവല്‍, ബര്‍ജോര്‍ എന്നിവരായിരുന്നു പിരോജ്ഷായുടെ മക്കള്‍.

സൊഹ്‌റാബിന് കുട്ടികളില്ലായിരുന്നു. ദോസയ്ക്ക് റിഷാദ് എന്നൊരു കുട്ടിയുണ്ടായിരുന്നു. കാലക്രമേണ ഗ്രൂപ്പിന്റെ നേതൃത്വം ബര്‍ജോറിന്റെ പിന്‍ഗാമികളായ ആദി, നാദിര്‍, നേവലിന്റെ സന്തതികളായ ജംഷിദ്, സ്മിത എന്നിവരിലേക്ക് പോയി.

നിലവിലെ പുനഃസംഘടന അനുസരിച്ച് ഗോദ്‌റെജ് എന്റര്‍പ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നൈറിക ഹോള്‍ക്കറും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണായ പിറോജ്ഷാ ഗോദ്റെജും 2026 ആഗസ്റ്റില്‍ നാദിറിന്റെ പിന്‍ഗാമികളായി നേതൃസ്ഥാനത്തേയ്ക്ക് ഉയരും.

മുംബൈയിലെ കണ്ണായ സ്ഥലമായ വിക്രോളിയില്‍ ഗോദ്‌റെജിന് മൂവായിരത്തിലധികം ഏക്കര്‍ ഭൂമിയുണ്ട്. ആദിയുടെ മുത്തച്ഛന്‍ പിറോജ്ഷ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നാണ് 3,000 ഏക്കര്‍ ഭൂമി വാങ്ങിയത്. തുടര്‍ന്ന് 400 ഏക്കര്‍ കൂടി വാങ്ങി കൂട്ടിയാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇതില്‍ 2,000 ഏക്കര്‍ കണ്ടല്‍ക്കാടുകളാണ്.

ഏകദേശം 1000 ഏക്കര്‍ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗോദ്‌റെജ് കുടുംബത്തിലുണ്ടായ തര്‍ക്കമാണ് വിഭജനത്തില്‍ കലാശിച്ചത്. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് വിക്രോളി ഭൂമി വികസിപ്പിക്കുന്നതിന് ഗോദ്റെജ് & ബോയ്സുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഗോദ്റെജ് & ബോയ്സിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വികസിപ്പിക്കുന്നതിനായാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസുമായി ധാരണയിലെത്തിയത്. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഡെവലപ്മെന്റ് മാനേജരായി പ്രവര്‍ത്തിക്കുമെന്നായിരുന്നു ധാരണ.

ഈ വികസനത്തില്‍ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 10 ശതമാനം ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന് ലഭിക്കേണ്ടതായിരുന്നു. ഈ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ കുടുംബത്തിനുള്ളില്‍ പോലും വിള്ളലിലേക്ക് നയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Godrej Appliances godrej godrej group of companies godrej news