/kalakaumudi/media/media_files/2025/04/07/FpYFAmehh9JFyu9U8VFo.jpg)
കൊച്ചി: ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂര്‍ത്തിയായി. ഇതിന് തുടര്‍ച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇഡി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു.
ഗോകുലം ഗോപാലന്റെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളില്‍ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എല്‍ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ ഒരിടവേളയ്ക്കുമുന്പ് അന്വേഷണം നടത്തിയിരുന്നു.