/kalakaumudi/media/media_files/2025/07/29/pm-2025-07-29-19-09-21.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ ആയുധങ്ങള്‍ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടി. ഇന്ത്യന്‍ സേന പാക്ക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചു. പാക്ക് വ്യോസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. 22 മിനിട്ടില്‍ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കി. പാക്കിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മുന്‍പും പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാന്റെ ഉള്ളില്‍ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥലങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘര്‍ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ സൈന്യത്തെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. ആക്രമിക്കുന്ന കാര്യം പാക്കിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചു. ഒരിക്കല്‍ ആക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പാക്കിസ്ഥാനോട് പറഞ്ഞു. കാരണം, ഈ നടപടിയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.