/kalakaumudi/media/media_files/2025/04/02/2PbxXLxL6QnOxHkwJQY6.jpg)
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. യുപിഎ ഭരണമായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് വഖഫിന് നല്‍കുമായിരുന്നു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.
പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണമാണ് ലേക്‌സഭയില്‍ നടക്കുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. നുണകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കരുതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ ജെപിസിക്ക് വിട്ടത്. ജെപിസി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ത്ത് സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍.കെ. പ്രേമചന്ദ്രനും സഭയില്‍ സംസാരിച്ചു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയാണ് അമിത് ഷാ സംസാരിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്. സ്പീക്കര്‍ പലപ്പോഴും ഇടപെട്ട് പ്രതിപക്ഷത്തെ താക്കീത് ചെയ്തു.
ഒഡീഷയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കും. ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവ നിരസിക്കപ്പെട്ടതായി പാര്‍ട്ടി അറിയിച്ചു. രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജെഡി ബില്ലിനെ എതിര്‍ക്കുമെന്ന് ബിജെഡിയുടെ രാജ്യസഭാ എംപിയും ദേശീയ വക്താവുമായ സസ്മിത് പത്ര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നയിക്കുന്ന ബിജെഡിക്ക് ലോക്‌സഭയില്‍ അംഗമില്ല.
സഭയെ മന്ത്രി കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. പിന്നാലെ എങ്ങനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയണമെന്ന് കിരണ്‍ റിജിജു. യുപിഎ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. ഈ ബില്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.