/kalakaumudi/media/media_files/iUeG4MB9vHuE9iphBgoQ.jpg)
ഗവര്‍ണര്‍മാരും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും തമ്മിലുള്ള പോര്‍ മുറുകുന്നതിനിടെ ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി എംപി. ഒന്നെങ്കില്‍ ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ രാഷ്ട്രീയ താല്പര്യമില്ലാത്തവരെ സമവായത്തിലൂടെ നിയമിക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച തെലങ്കാനയില്‍ നിന്നും രാജ്യസഭാ എംപിയായി വിജയിച്ചു വന്ന അഭിഷേക് സിങ്‌വി ലോക്‌സഭയിലും രാജ്യസഭയിലും ഭരണപക്ഷം പ്രതിപക്ഷത്തോട് കാണിക്കുന്ന അവഗണനയും ചൂണ്ടികാട്ടി. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ആയുധമായി ഗവര്‍ണര്‍ പദവി മാറുന്നതായും അദ്ദേഹം വിമര്‍ശിച്ചു. നാല് തവണ എംപിയായ അഭിഷേക് സിങ്‌വി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പാസ്സാക്കാതെ കെട്ടിയിടുന്നു, ഒടുവില്‍ കോടതിയില്‍ പോകുമ്പോള്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുന്നു, പദ്ധതികള്‍ അനുവദിച്ചും അംഗീകരിച്ചും നടപ്പിലാക്കാന്‍ വര്‍ഷങ്ങളെടുക്കുന്നുവെന്നും അതോടെ ബില്ലുകളുടെ പ്രാധാന്യം നഷ്ടപെടുന്നുവെന്നും അഭിഷേക് സിങ്‌വി പ്രതികരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണര്‍ നടപടിയും ഉദാഹരണമായി കാണിച്ച സിങ്‌വി വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
