/kalakaumudi/media/media_files/2025/12/31/nisamule-2025-12-31-21-23-03.jpg)
ന്യൂഡല്‍ഹി : വേദനസംഹാരിയായ നിമെസുലൈഡിന്റെ 100 മില്ലിഗ്രാമില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള എല്ലാ ഓറല്‍ ഫോര്‍മുലേഷനുകളുടെയും നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ വേദനസംഹാരി 100 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം, 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷന്‍ 26A പ്രകാരം ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് നിരോധനം.
പ്രസ്തുത മരുന്നിന് പകരം മറ്റ് സുരക്ഷിതമായ ബദലുകള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ നടപടി ആവശ്യമാണെന്നും മരുന്നുകളുടെ ഉപയോഗത്തില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ തടയുന്നതിനാണ് ഇത് സ്വീകരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ 1945-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമങ്ങളില്‍ ആരോഗ്യ മന്ത്രാലയം ഒരു കരട് ഭേദഗതി പുറപ്പെടുവിച്ചിരുന്നു, പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും തേടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ അന്തിമ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
