രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 'ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്' പ്രകാരം നടപടി

ദേശീയ താല്‍പ്പര്യത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലും തന്ത്രപ്രധാനമായ വിവരങ്ങള്‍ അനധികൃത വ്യക്തികള്‍ക്ക് ചോര്‍ന്നുകിട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സര്‍ക്കുലറില്‍ പറയുന്നു

author-image
Biju
New Update
official

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ളതോ തന്ത്രപ്രധാനമായതോ ആയ വിവരങ്ങള്‍ കൈമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം പ്രകാരം നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 1998 ഡിസംബറിലെ പഴയ സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തമായി, പുതിയ നിര്‍ദ്ദേശത്തില്‍  ഉള്‍പ്പെടുത്തിയത് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പഴയ പതിപ്പ് കേവലം ഒരു ഉപദേശം മാത്രമായിരുന്നു.

കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം എല്ലാ മന്ത്രാലയങ്ങളിലെയും ഡിപ്പാര്‍ട്ട്മെന്റുകളിലെയും സെക്രട്ടറിമാര്‍ക്ക് അയച്ച അതീവ രഹസ്യ കുറിപ്പിലാണ് ഈ കര്‍ശന നിര്‍ദ്ദേശങ്ങളുള്ളത്. 28 വര്‍ഷം മുമ്പുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്. ദേശീയ താല്‍പ്പര്യത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലും തന്ത്രപ്രധാനമായ വിവരങ്ങള്‍ അനധികൃത വ്യക്തികള്‍ക്ക് ചോര്‍ന്നുകിട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

മാധ്യമങ്ങളുമായുള്ള എല്ലാത്തരം 'അനധികൃത ആശയവിനിമയങ്ങളും' ഈ പരിധിയില്‍ വരും. എന്നാല്‍ അംഗീകൃത വക്താക്കള്‍ക്ക് ഇത് ബാധകമല്ല. 'ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും കടമയാണ്. മാധ്യമങ്ങളുമായുള്ള അനധികൃതമായ ഏതൊരു ആശയവിനിമയവും ഉചിതമായ നടപടികള്‍ക്ക് വിധേയമാക്കും. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പങ്കുവച്ചാല്‍ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നത് പരിഗണിക്കേണ്ടതുണ്ട്,' എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മൂന്ന് പേജുള്ള ഈ സര്‍ക്കുലര്‍ പാരാമിലിട്ടറി ഫോഴ്സ് മേധാവികള്‍ക്കും അയച്ചിട്ടുണ്ട്.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

    പി.ഐ.ബി വഴി മാത്രം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തണം അല്ലെങ്കില്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതി വാങ്ങണം.

    പ്രത്യേക ഇടം: മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രത്യേക സ്ഥലം നിശ്ചയിക്കാം.

    പെരുമാറ്റച്ചട്ടം: ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നത് സിവില്‍ സര്‍വീസ് റൂള്‍സ് 11-ന്റെ ലംഘനമാണെന്ന് കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സര്‍ക്കുലര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, അനധികൃത ജീവനക്കാര്‍ തെറ്റായ വിവരങ്ങളോ അപൂര്‍ണ്ണമായ കാര്യങ്ങളോ പ്രചരിപ്പിക്കുന്നത് തടയേണ്ടതുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ കര്‍ശന നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഉന്നത പദവികള്‍ വഹിച്ചിരുന്നവര്‍ പുസ്തകങ്ങളോ ഓര്‍മ്മക്കുറിപ്പുകളോ എഴുതുന്നതിന് മുമ്പ് 20 വര്‍ഷത്തെ 'കൂളിംഗ് ഓഫ് പിരീഡ്'  വേണമെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.