/kalakaumudi/media/media_files/2025/09/19/foods-2025-09-19-14-18-09.jpg)
ജിഎസ്ടി നിരക്കുകള്‍ പുതുക്കിയതിനെ തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 22-ന് മുമ്പ് ഉത്പാദിപ്പിച്ചതും വില്‍ക്കാത്തതുമായ പാക്കേജ്ഡ് ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ നിര്‍ബന്ധമായി പതിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജിഎസ്ടി നിരക്കുകളിലെ മാറ്റം കാരണം വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
സെപ്റ്റംബര്‍ 9-ന് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ മരവിപ്പിച്ചുകൊണ്ടാണ് പുതിയ അറിയിപ്പ്. കമ്പനികള്‍ക്ക് വേണമെങ്കില്‍ പുതിയ വില സ്റ്റിക്കറുകള്‍ പതിക്കാമെന്നും, എന്നാല്‍ യഥാര്‍ത്ഥ വില രേഖപ്പെടുത്തിയ ഭാഗം മറയ്ക്കാതെയായിരിക്കണം ഇത് ചെയ്യേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2025 സെപ്റ്റംബര്‍ 22-ന് മുന്‍പ് നിര്‍മ്മിച്ചതും സ്റ്റോക്കിലുള്ളതുമായ പാക്കേജുകളില്‍ പുതിയ വില സ്റ്റിക്കര്‍ നിര്‍ബന്ധമായി പതിക്കണമെന്ന് നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
പുതുക്കിയ വിലകള്‍ രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂള്‍സ്, 2011-ലെ റൂള്‍ 18(3)ലും സര്‍ക്കാര്‍ ഇളവ് നല്‍കി. ഇതിന് പകരം, നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും പുതിയ വില വിവരങ്ങള്‍ ഹോള്‍സെയില്‍ വ്യാപാരികള്‍ക്കും റീട്ടെയില്‍ വ്യാപാരികള്‍ക്കും നല്‍കിയാല്‍ മതിയാകും.
ഇതിന്റെ പകര്‍പ്പുകള്‍ കേന്ദ്ര ലീഗല്‍ മെട്രോളജി ഡയറക്ടര്‍ക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാര്‍ക്കും അയച്ചാല്‍ മതി.
പുതുക്കിയ ജി.എസ്.ടി. നിരക്കുകള്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും അറിയിക്കാന്‍ കമ്പനികള്‍ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഇതിനായി ഇലക്ട്രോണിക്, പ്രിന്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയവ ഉപയോഗിക്കാം.
പഴയ എംആര്‍പിയില്‍ അച്ചടിച്ച പാക്കേജിങ് വസ്തുക്കളും കവറുകളും 2026 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നതുവരെയോ ഉപയോഗിക്കാം. പക്ഷെ വില മാറ്റങ്ങള്‍ സ്റ്റാമ്പിങ്, സ്റ്റിക്കര്‍, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പ്രിന്റിംഗ് എന്നിവ വഴി തിരുത്തി രേഖപ്പെടുത്തണം.
കൂടാതെ, വില്‍ക്കാത്ത ഉത്പന്നങ്ങളിലും ഉപയോഗിക്കാത്ത പാക്കേജിംഗ് വസ്തുക്കളിലും പുതുക്കിയ യൂണിറ്റ് വില്‍പ്പന വില നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതില്ലെന്നും, എന്നാല്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് അത് സ്വമേധയാ ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി