ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. ജയ്സാല്‍മീറില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.വൗച്ചറുകള്‍ ഉള്‍പ്പെടുന്ന ഇടപാടുകള്‍ ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമായി കണക്കാക്കില്ലെന്നും തല്‍ഫലമായി, ചരക്ക് സേവന നികുതി നേരിടേണ്ടിവരില്ലെന്നും ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി. ജയ്സാല്‍മീറില്‍ നടന്ന 55-ാമത് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. (രമൃറ ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ല)സമ്മാന വൗച്ചറുകളുടെ നികുതിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല തര്‍ക്കങ്ങള്‍ ഇനി പരിഹരിക്കുമെന്നും പ്രതീക്ഷിക്കുന്നു. റീട്ടെയില്‍ മേഖലയുടെ നിരന്തരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് ഈ തീരുമാനം.പ്രീമിയര്‍ സെയില്‍സ് കോര്‍പ്പറേഷന്റെ കേസില്‍ വൗച്ചറുകള്‍ ചരക്കുകളായി പരിഗണിച്ച് നികുതി നല്‍കുമെന്ന് കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്‌സ് മുമ്പ് വിധിച്ചിരുന്നു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്.വൗച്ചറുകളിലെ ഇടപാടുകള്‍ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ലെന്ന വ്യക്തത വൗച്ചറുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിക്കുകയും വൗച്ചറുകള്‍ ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണങ്ങളല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ നികുതി ഇളവ് ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വിഷയങ്ങളും ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.