ട്രാക്കിലെ അട്ടിമറി ശ്രമം: പിന്നിൽ റെയിൽവേ ഉദ്യോഗസ്ഥരെന്ന് കണ്ടെത്തൽ

ഇത്തരത്തിൽ അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന്‍ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി.

author-image
Vishnupriya
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്: ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അധികൃതരെ അട്ടിമറി അറിയിച്ചവര്‍ തന്നെയാണ് സംഭവത്തിനു  പിന്നിലെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍ (39), മനിഷ്‌കുമാര്‍ സര്‍ദേവ് മിസ്ട്രി (28), കരാര്‍ ജീവനക്കാരനായ ശുഭം ജയ്‌സ്വാള്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ട്രാക്കുകളിലെ 71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്തംബര്‍ 21ന് പുലര്‍ച്ചെയാണ് സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് സുഭാഷ് അറിയിച്ചത്. ഇത്തരത്തിൽ അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന്‍ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി.

സംഭവത്തിൽ ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുൻപ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെ എൻഐഎയും പൊലീസും സുഭാഷ് പോദാറിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. 

സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനു 25 മിനിറ്റ് മുൻപാണ് ഡല്‍ഹി-രാജധാനി എക്സ്പ്രസ് കടന്നുപോയത്. ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. പരിചയസമ്പന്നരായ ആള്‍ക്കാര്‍ക്കു കൃത്യമായ ഉപകരണം ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും. ഇതോടെയാണ് സംഭവസ്ഥലത്തുള്ളവര്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.

gujrat railway sabotage attempt