അഹമ്മദാബാദ് വിമാനാപകടത്തില്‍ തിരിച്ചറിഞ്ഞ 274 പേരുടെയും മൃതദേഹങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ കുടുംബങ്ങള്‍ക്ക് കൈമാറും.അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് ഡിഎന്‍എ പരിശോദനകള്‍ പുരോഗമിക്കുന്നത്.ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിക്ക് പുറത്ത് കൈമാറാന്‍ ഏകദേശം 600 ഡോക്ടര്‍മാര്‍, സഹായികള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.വ്യാഴാഴ്ച,അഹമ്മദാബാദ് എയര്‍പ്പോര്‍ട്ടിന് സമീപം ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് കുറഞ്ഞത് 274 പേര്‍ മരിച്ചിട്ടുണ്ട്. ബോയിംഗ് ഡ്രീംലൈനര്‍ 787-8 ഫ്‌ലീറ്റിന്റെ AI 171, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു. വിമാനത്തിന് ഉയരാന്‍ കഴിയാതെ വന്നതോടെ ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുകയറി തീ പടര്‍ന്നു.പറന്നുയര്‍ന്ന് ഉടന്‍ തന്നെ പൈലറ്റ് 'മെയ്‌ഡേ' എന്ന് സന്ദേശം അയച്ചിരുന്നുവെന്ന് അഹമ്മദാബാദിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. മരിച്ചവരില്‍ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ഇടിച്ചിറങ്ങിയ സ്ഥലത്തെ പ്രദേശവാസികളും ഉള്‍പ്പെടുന്നു.