/kalakaumudi/media/media_files/2025/02/19/w4JqtpObXH53bo4Whg6J.jpg)
ന്യൂഡല്‍ഹി : ഇന്ത്യയുടെ 26 -ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍ . ഒന്‍പത് മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് കുമാര്‍ അധികാരമേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റത്. രണ്ട് വര്‍ഷത്തിലേറെയായി രാജീവ് കുമാറിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം.
'രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണ്. 18 വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകണം. എപ്പോഴും വോട്ട് ചെയ്യണം. ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, അതില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എപ്പോഴും ഉണ്ടായിരിക്കും എന്ന് 'ഗ്യാനേഷ് കുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, പുതിയ നിയമപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്ഷന്‍ പാനല്‍ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
2023ലെ പുതിയ നിയമമനുസരിച്ച് നിയമിതനാകുന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിനുള്ള പട്ടിക രാഷ്ട്രപതിക്ക് കൈമാറാന്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്ന് 2023 മാര്‍ച്ചില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയും ചേര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കേണ്ടത്.
ആഗ്ര സ്വദേശിയാണ് ഗ്യാനേഷ് കുമാര്‍ . 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് . കേരളത്തില്‍ ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഡല്‍ഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണര്‍ ആയിരുന്നു.
കേന്ദ്ര സര്‍വീസില്‍ പാര്‍ലമെന്ററികാര്യ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ ഗ്യാനേഷ്‌കുമാര്‍ വഹിച്ചു.
ഗ്യാനേഷ് കുമാര്‍ 11 മാസമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴും കേന്ദ്ര ഭരണ പ്രദേശമായ ശേഷം ജമ്മു കശ്മീരില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോഴുമെല്ലാം ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2029 ജനുവരി 26 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുകയും ചെയ്യും.