'നീക്കം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി'; ലളിത് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ

2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ ഹർഭജൻ തല്ലിയ സംഭവത്തിന്റെ വീഡിയോ അടുത്തിടെ ലളിത് മോദി പുറത്തുവിട്ടിരുന്നു

author-image
Devina
New Update
harbhajan


2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ അടിച്ച സംഭവത്തിന്റെ വീ‍ഡിയോ മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദി പുറത്തുവിട്ടതിൽ പ്രതികരണവുമായി ഹർഭജൻ സിങ്. “വീഡിയോ പുറത്തുവിട്ടത് തെറ്റായ കാര്യമാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ഥ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയായിരിക്കാം നീക്കം. 18 വർഷം മുൻപ് സംഭവിച്ച ഒന്നാണ്, ആളുകൾ മറന്നുപോയ പലതും ഓർമിപ്പിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ,” ഇൻസ്റ്റന്റ് ബോളിവുഡിനോട് ഹ‍ർഭജൻ വ്യക്തമാക്കി.മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കിന്റെ ബിയോണ്ട് 23 എന്ന് പേരിട്ടിരിക്കുന്ന പോഡ്‌കാസ്റ്റിലൂടെയായിരുന്നു മോദി വീഡിയോ പുറത്തുവിട്ടത്. 2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്ന് മുംബൈയുടെ താത്‌ക്കാലിക നായകനായിരുന്നു ഹർഭജൻ. ശ്രീശാന്ത് പഞ്ചാബിന്റെ താരവും.

ഹർഭജൻ ശ്രീശാന്തിനെ തല്ലിയതിന്റെ ദൃശ്യങ്ങൾ ചാനലുകളിൽ അന്ന് വന്നിരുന്നില്ല. സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്നതും സഹതാരങ്ങൾ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അന്ന് ടിവി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടത്.മോദി പുറത്തുവിട്ട വീഡിയോയിൽ വലതുകൈകൊണ്ട് ഹർഭജൻ ശ്രീശാന്തിനെ അടിക്കുന്ന ഭാഗമുണ്ട്. മത്സരശേഷമുള്ള ഹസ്തദാനത്തിനിടെയാണ് ഹർഭജൻ ശ്രീശാന്തിനെ തല്ലുന്നത്. ശേഷം ഹർഭജന്റെ അടുത്തേക്ക് ശ്രീശാന്ത് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ശ്രീലങ്കൻ താരം മഹേല ജയവർധനെ ഉൾപ്പെടെയുള്ള താരങ്ങൾ ചേർന്ന് പിടിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാനാകും.

ഹർഭജനെതിരെ കടുത്ത നടപടിയായിരുന്നു ബിസിസിഐയും ഐപിഎൽ അധികൃതരും ശേഷമെടുത്തത്. സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ നിന്ന് ഹർഭജനെ വിലക്കി. ഇതിനുപുറമെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളിൽ നിന്നും ഹർഭജനെ മാറ്റിനിർത്തി. ഹർഭജന് ആജീവനാന്ത വിലക്ക് നൽകണമെന്ന ആവശ്യം അന്ന് ഉയർന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നേരത്തെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും മോദിക്കെതിരെ രൂക്ഷമായി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് 2008ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മോദി പുറത്തുവിട്ടതെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം.ശ്രീശാന്തും ഹർഭജനും ആ സംഭവത്തിന് ശേഷം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അവർക്കിന്ന് സ്കൂളിൽ പോകുന്ന കുട്ടികളുണ്ട്. പഴയ വേദനകളിലേക്ക് അവരെ വീണ്ടും എത്തിക്കാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത്,” ഭുവനേശ്വരി കുറിച്ചു.