മകന്‍ മരിച്ചാല്‍ മതി, ഇങ്ങനെ ജീവിക്കേണ്ട... ഹൃദയഭേദകമാണ് ഹരീഷ് റാണെയുടെ ജീവിതം, നീതിപീഠവും തേങ്ങി!

ഒരു വര്‍ഷത്തിന് ശേഷം ഹരീഷിന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് വിദഗ്ധ അഭിപ്രായം നേടി. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഉത്തരവിട്ടു.

author-image
Rajesh T L
New Update
harish rana life

'ഞങ്ങളുടെ മകന്‍ ഇനി ജീവിക്കേണ്ട, ദയാവധം വേണം...' അസാധാരണവുമായൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് സുപ്രം കോടതി. പതിമൂന്നു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയാണ് മുപ്പത്തിരണ്ടുകാരനായ ഹരീഷ് റാണെ. 2013 മുതല്‍ വെന്റിലേറ്ററിലാണ് ഈ യുവാവ്. രണ്ടാം തവണയാണ് ഇപ്പോള്‍ കുടുംബം ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ഹരീഷ് റാണെയ്ക്ക് ദയാവധം അനുവദിക്കുന്നതില്‍ അന്തിമ വിധി പറയുന്നത് രാജ്യത്തെ പരമോന്നത നീതി പീഠം മാറ്റിവച്ചു.

2013 ഓഗസ്റ്റ് 20 നാണ് ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹരീഷ് റാണെ താമസസ്ഥലത്തെ നാലാം നിലയില്‍ നിന്ന് താഴെ വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 100 ശതമാനം അംഗവൈകല്യം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹരീഷ് റാണെയുടെ കുടുംബത്തിന്റെ ജീവിതം എയിംസിനു ചുറ്റും കറങ്ങി. വലിയ സാമ്പത്തിക ബാധ്യതയിലായി കുടുംബം. ഹരീഷിന് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെയാണ് 2024 ജൂലായില്‍ ദയാവധം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ കുടുംബം സമീപിച്ചത്. എന്നാല്‍, ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ തള്ളി. തുടര്‍ന്ന് 2024 നവംബറില്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍, സുപ്രീം കോടതിയും കുടുംബത്തിന്റെ അപേക്ഷ തള്ളി.

ഒരു വര്‍ഷത്തിന് ശേഷം ഹരീഷിന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് വിദഗ്ധ അഭിപ്രായം നേടി. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഉത്തരവിട്ടു.

ഹരീഷ് സുഖം പ്രാപിക്കാന്‍ ചെറിയ സാധ്യതയുണ്ടെന്നായിരുന്നു പ്രാഥമിക മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. തികച്ചും വിരുദ്ധമായ റിപ്പോര്‍ട്ടാണ് രണ്ടാമത്തെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. ഇതോടെയാണ് കോടതി ജനുവരി 13ന് ഹരീഷിന്റെ മാതാപിതാക്കളെ കണ്ടത്. അന്തിമ വിധി ജനുവരി 15 ന് പറയാനും തീരുമാനിച്ചു. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. 

life Supreme Court