ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 28 സിറ്റിങ് എം.എൽ.എമാരിൽ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന. സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച 90 പേരുടേയും പേരുകൾ പാർട്ടി പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
49 പേരുകൾ സ്ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചതായി ഹരിയാണയുടെ ചുമതലയുള്ള ഐ.ഐ.സി.സി. അംഗം ദീപക് ബാബരിയ വ്യക്തമാക്കി. 34 പേരുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. 15 പേരുകൾ ഇനിയും തീർപ്പായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ എം.പി.മാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോയെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. നേരത്തെ, എം.പി.മാരെ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ദീപക് ബാബരിയ വ്യക്തമാക്കിയതോടെ കുമാരി ഷെൽജ അടക്കമുള്ളവരുടെ സ്ഥാനാർഥിഥ്വം അനിശ്ചിതത്വത്തിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഹരിയാണയിലെ സിർസയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് ഷെൽജ.
ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാണയിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ ഒന്നിന് നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പി.യുടെ ആവശ്യത്തിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റുകയായിരുന്നു. ബിഷ്ണോയ് വിശ്വാസസമൂഹത്തിന്റെ ഉത്സവകാലം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് കമ്മിഷൻ അറിയിച്ചു.