ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിച്ച ബി.ജെ.പി. നേതൃത്വത്തിനെതിരെ വിമർശനവുമായി ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ യോഗേശ്വര്‍ ദത്ത്. സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ഹിന്ദി കവിതയിലൂടെയാണ് യോഗേശ്വറിന്റെ ഒളിയമ്പ്.
'നിങ്ങളുടെ സ്വഭാവം പരിശുദ്ധമാണെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ അവസ്ഥയില്‍? ഈ പാപികള്‍ക്ക് നിന്നെ പരീക്ഷിക്കാന്‍ അവകാശമില്ല, നിന്നെ അന്വേഷിച്ച് നീ തന്നെ പോകണം' -ഇതാണ് യോഗേശ്വര്‍ ദത്ത് എക്‌സില്‍ പോസ്റ്റ് ചെയ്ത ഹിന്ദി കവിതയുടെ പരിഭാഷ.
ഹരിയാണ തിരഞ്ഞെടുപ്പില്‍ ഗൊഹാന സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം നേരത്തേ അദ്ദേഹം പരസ്യമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം യോഗേശ്വര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. 'തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ഞാന്‍ മുഖ്യമന്ത്രിയോടും കേന്ദ്രനേതൃത്വത്തോടും പറഞ്ഞിട്ടുണ്ട്. ഞാനൊരു കായികതാരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമാണ്. കൂടാതെ ബി.ജെ.പിക്കായി ഞാന്‍ മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. അതിനാല്‍ എനിക്ക് ഒരവസരം വേണം.' -ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തേ 2019-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗേശ്വര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ബറോഡ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസിലെ ശ്രീകൃഷന്‍ ഹൂഡയോട് പരാജയപ്പെടുകയായിരുന്നു. ശ്രീകൃഷന്‍ ഹൂഡയുടെ മരണത്തെ തുടര്‍ന്ന് 2020-ല്‍ നടന്ന ബറോഡ ഉപതിരഞ്ഞെടുപ്പിലും യോഗേശ്വര്‍ തന്നെയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദു രാജ് നര്‍വാളിനോട് അദ്ദേഹം വീണ്ടും പരാജയപ്പെടുകയായിരുന്നു.