/kalakaumudi/media/media_files/2025/11/25/eth-2025-11-25-07-36-02.jpg)
ന്യൂഡല്‍ഹി: 12000 വര്‍ഷമായി നിര്‍ജീവമായിരുന്ന എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ പുകമേഘങ്ങള്‍ ഇന്ത്യയില്‍. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസര്‍വീസുകള്‍ അവതാളത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡല്‍ഹിയിലെത്തിയത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ - ജെയ്‌സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്.
ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപര്‍വതമായതിനാല്‍ ആള്‍നാശമില്ല. എന്നാല്‍ അഗ്നിപര്‍വതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാല്‍ വിമാനസര്‍വീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യന്‍ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിമാനയാത്രയില്‍ കാഴ്ചയെ ബാധിക്കുമെന്നതിന് പുറമേ, ഈ പുകപടലങ്ങള്‍ ചൂടായ വിമാനഎന്‍ജിനുകളുമായി സമ്പര്‍ക്കത്തിലായാല്‍ എന്‍ഞ്ചിന്‍ തകരാറുവരെ ഉണ്ടാകാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.
ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, അകാശാ എയര്‍ എന്നീ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് പ്രതികരിച്ചിട്ടുണ്ട്. അഗ്നിപര്‍വ സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തേക്കാണ് പുകപടലം നീങ്ങുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലെ പല ഭാഗങ്ങളും ഈ പുകപടലം മൂലം ബുദ്ധിമുട്ടിലായ സാഹചര്യമാണ്. ഇത് അന്താരാഷ്ട്ര വിമാനപാതയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സ്ഫോടനത്തില്‍ നിന്നുള്ള ചാരനിറത്തിലുള്ള മേഘങ്ങള്‍ വിമാന സര്‍വീസുകളെ ബാധിക്കുന്നുവെന്നും ഇത്തരം പ്രദേശങ്ങളിലെ സര്‍വീസുകള്‍ ഒഴിവാക്കണമെന്നും വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കി.
ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്നിപര്‍വതം പൊട്ടിയത്. തുടര്‍ന്ന് പുകപടലത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്കാണ് നീങ്ങിയത്. അപ്രതീക്ഷിതമായ ഉണ്ടായ പൊട്ടിത്തെറിയില്‍ പുക മേഘങ്ങള്‍ ചെങ്കടല്‍ കടന്ന് ഒമാനിലും യമനിലേക്കുമാണ് നീങ്ങിയത് ഇതിന് പിന്നാലെയാണ് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് തിരിഞ്ഞത്.
അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് തങ്ങളുടെ സംഘം സാഹചര്യം വിശകലനം ചെയ്യുകയാണെന്നും അന്താരാഷ്ട്ര വിമാനകമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ 6-ഇ ടീമുകള്‍ യാത്രക്കാര്‍ക്ക് സഹായവുമായി ഉണ്ടാകുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പ്‌ഡേറ്റുകള്‍ കൃത്യമായി നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. എത്യോപ്യയിലെ അഗ്നിപര്‍വത സ്‌ഫോടനം ഇതുവരെ എയര്‍ഇന്ത്യ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ചിലയിടങ്ങളില്‍ പുകപടലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിമാനകമ്പനി അറിയിച്ചിട്ടുണ്ട്. ആകാശാ എയറും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര എവിയേഷന്‍ അഡൈ്വസറിയുമായി ചേര്‍ന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
