/kalakaumudi/media/media_files/2025/03/31/d9hoTZeJgU1NiwVMtBFU.jpg)
ചെന്നൈ: വഖഫിന്റെ കീഴിലുള്ള വസ്തുവകകളെല്ലാം അള്ളാഹുവിന്റേതാണെന്ന് ഡിഎംകെ മന്ത്രി. നിയമമന്ത്രി എസ് രഘുപതിയാണ് വിവാദ പരാമര്‍ശം. അതില്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമ ഭേദഗതി കൊണ്ടുവന്ന്, വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി മുഴുവന്‍ സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതുവഴി മുസ്ലീം ജനതയെ സാമ്പത്തികമായും വൈകാരികപരമായും ശക്തിയില്ലാത്തവരായി മാറ്റണം. യഥാര്‍ത്ഥത്തില്‍ വഖഫ് ഭൂമിയും സ്വത്ത് വകകളും അള്ളാഹുവിന്റേതും മുസ്ലീങ്ങളുടേതും ആണ്. അതില്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്നും രഘുപതി കൂട്ടിച്ചേര്‍ത്തു.
എഐഎഡിഎംകെയുമായി അടിക്കടി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ബിജെപിയുമായി എഐഎഡിഎംകെ ബന്ധം ശരിക്കും അവസാനിപ്പിച്ചുവെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച?. ആരെയാണ് മന്ദബുദ്ധികളാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്. സത്യത്തിന് ഒരുനാളും മറഞ്ഞിരിക്കാന്‍ കഴിയുകയില്ല. എപ്പോഴെങ്കിലും സത്യം മറനീക്കി പുറത്തുവരുമെന്നും രഘുപതി കൂട്ടിച്ചേര്‍ത്തു.
പളനിസാമി മാത്രമല്ല അമിത് ഷായെ കണ്ടത്. കെഎ സെങ്കോട്ടയനും അമിത് ഷായെ കണ്ടിരുന്നു. ഉറപ്പായും സത്യം പുറത്തുവരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്യുമെന്നാണ് ടിവികെ അദ്ധ്യക്ഷന്‍ വിജയ് പറയുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഡിഎംകെ മാത്രമാണ് ശത്രു. അതിന് കാരണം ഉണ്ട്. ഡിഎംകെ വളരെ ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെ അല്ല. അവര്‍ക്ക് സഖ്യം ഇല്ലാതെ നിലനില്‍പ്പില്ല. ഏത് മഹാസഖ്യത്തെയും മുഖാമുഖം കാണാന്‍ ഡിഎംകെ തയ്യാറാണെന്നും രഘുപതി വ്യക്തമാക്കി.