കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത; ചാർ ധാം, ഹേമകുണ്ഡ് യാത്രകൾ മാറ്റിവെച്ചു

ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

author-image
Devina
New Update
uthrakhand

ഡെറാഡൂൺ: ചാർ ധാം യാത്രയും ഹേമകുണ്ഡ് സാഹിബ് യാത്രയും മാറ്റിവെച്ചു. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ചാർ ധാം യാത്രയും ഹേമകുണ്ഡ് സാഹിബ് യാത്രയും സെപ്റ്റംബർ 5 വരെ മാറ്റിവച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഗർവാൾ ഡിവിഷൻ കമ്മീഷണറുമായ വിനയ് ശങ്കർ പാണ്ഡെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.അടുത്ത 24 - 48 മണിക്കൂർ നിർണായകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ചില ജില്ലകൾ റെഡ് അലേർട്ടിലും ചില ജില്ലകൾ ഓറഞ്ച് അലേർട്ടിലുമാണ്. എല്ലാവരും ജാഗ്രത പുലർത്തണം. മുഴുവൻ ജില്ലാ ഭരണകൂടവും, എൻ‌ഡി‌ആർ‌എഫും, എസ്‌ഡി‌ആർ‌എഫും, എല്ലാ വകുപ്പുകളും ജാഗ്രതയിലാണ്. നാനക് സാഗർ അണക്കെട്ട് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അപകടനിലയിൽ നിന്ന് 5 അടി താഴെയാണ് ജലനിരപ്പെന്നും അദ്ദേഹം പറഞ്ഞു.

'ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം നൽകുകയും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിനായി ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. തടസ്സപ്പെട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ജില്ലാതല ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിക്കണം'. മുഖ്യമന്ത്രി അറിയിച്ചു.അമിതമായ മഴ മൂലം സംസ്ഥാനം തുടർന്നും വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും വരും ദിവസങ്ങൾ കൂടുതൽ ദുഷ്‌കരമാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി ധാമി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. പലയിടത്തും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.