ബെംഗളൂരുവിൽ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും; മരങ്ങൾ വീണു, വെള്ളക്കെട്ടിൽ നഗരം

ബെംഗളൂരുവിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

author-image
Sukumaran Mani
New Update
Bangalore

Bangalore rains

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരുവിൽ ഒരു മണിക്കൂർ നീണ്ടു നിന്ന വേനൽ മഴ നഗരത്തിലെ ജനജീവിതം ദുസഹമാക്കി. ശക്തമായ കാറ്റും ഇടിമിന്നലുമായി വൈകുന്നേരത്തോടെ ആർത്തലച്ചെത്തിയ മഴ നഗരം തണുപ്പിച്ചെങ്കിലും അവശേഷിപ്പിച്ചത് തീരാദുരിതമാണ്. നഗരത്തിലെ 33 താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് മൂലം പ്രതിസന്ധിയിലായി. വൈകിട്ട് അഞ്ച് മണി മുതൽ രാത്രി എട്ട് മണി വരെ നഗരത്തിൽ വിവിധ ഇടങ്ങളിൽ 13.2 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടിപ്പാതകളും കനാലുകളും മലിനജല ഓടകളും നിറഞ്ഞതോടെ ഗതാഗതം ദുസഹമായി. ഇതോടെ നഗരം കടുത്ത ഗതാഗത കുരുക്കിലായി. മേക്രി സർക്കിൾ, സിൽക്ക് ബോർഡ് ഫ്‌ളൈ ഓവർ, എം ജി റോഡ്, ശിവാജി നഗർ, മടിവാള തുടങ്ങിയ ഗതാഗത കുരുക്കിന് കുപ്രസിദ്ധി നേടിയ നാലും കൂടിയ മുക്കുകളെല്ലാം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

ആലിപ്പഴ വീഴ്ചയോടെയായിരുന്നു കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടകയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിന്റെ തെക്കൻ മേഖലയിൽ 4 .57 മില്ലി മീറ്റർ മഴ ലാഭിച്ചു. ഭൂഗർഭ ജല വിതാനം ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിലെ ജല ദൗർലഭ്യത്തിന് നേരിയ ആശ്വാസമായേക്കും.

അതേസമയം മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വീണ്ടും 16 ഇടങ്ങളിൽ ഗതാഗതം തടസപ്പെടുകയും നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിലെ വൈദ്യുതി - ഇന്റർനെറ്റ് ബന്ധവും ഏറെ നേരം വിച്ഛേദിക്കപ്പെട്ടു. അടുത്ത രണ്ടു ദിവസം കൂടി വൈകിട്ടുള്ള വേനൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പകൽ താപനില 37 ഡിഗ്രി സെൽഷ്യസായി തന്നെ തുടരും. ഉച്ച സമയത്ത് പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Latest News karnataka Bangalore rains