ഗുജറാത്തില്‍ കനത്തമഴ: 15 മരണം

6,440 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഗാന്ധിനഗര്‍ ദുരിതാശ്വാസ കമ്മീഷണര്‍ അലോക് പാണ്ഡെ പറഞ്ഞു.

author-image
Prana
New Update
gujarat rain
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗുജറാത്തിലെ വഡോദരയിലും മറ്റ് നഗരങ്ങളിലും പെയ്ത കനത്ത മഴയില്‍ വ്യാപക നാശ നഷ്ടം. മൂന്ന് ദിവസത്തിനുള്ളില്‍ 15 പേരാണ് വെള്ളപൊക്കത്തില്‍ മരിച്ചത്. 6,440 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഗാന്ധിനഗര്‍ ദുരിതാശ്വാസ കമ്മീഷണര്‍ അലോക് പാണ്ഡെ പറഞ്ഞു. ചില പ്രദേശങ്ങള്‍ 10 മുതല്‍ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ റുഷികേശ് പട്ടേല്‍ പറഞ്ഞു.

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വീട്ടില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ആരും വരുന്നില്ലെന്നും അത്യാവശ്യ സാധനങ്ങള്‍ ക്യാമ്പിലെത്തുന്നില്ലെന്നും തദ്ദേശവാസികള്‍ പറയുന്നു. അതേ സമയം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്നും കൂടുതല്‍ സൈന്യത്തെയടക്കം ദുരിതപ്രദേശങ്ങളിലെത്തിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച്, ഓഗസ്റ്റ് 29ന് രാവിലെ വരെ സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ഗുജറാത്തിലെ 27 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

heavy rain gujarat