തമിഴ്‌നാട്ടില്‍ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്‌ഫോടനം

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക മഴയാണ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

author-image
Prana
New Update
rameswaram

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മേഘവിസ്‌ഫോടനം. മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര്‍ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക മഴയാണ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ ജില്ലകളിലെ കോളേജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്‌ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ ഏഴു ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

#tamilnad heavy rain cloudburst heavy rain alert