/kalakaumudi/media/media_files/2025/07/09/rajastan-road-2025-07-09-10-36-14.png)
ജയ്പൂര്‍ :കനത്ത മഴയില്‍ രാജസ്ഥാനില്‍ പുതിയതായി നിര്‍മ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി.ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്നായിരുന്നു സംഭവം. ഝുന്‍ഝുനു ജില്ലയില്‍ ഉദയ്പൂര്‍വതിയിലെ ബാഗുലിയിലൂടെ കടന്നുപോകുന്ന കട്ലി നദിയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് ഒലിച്ചുപോയത്. ഈ പ്രദേശത്ത് 86 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നദിയിലെ ശക്തമായ ഒഴുക്ക് പുതുതായി നിര്‍മ്മിച്ച റോഡിന് ഭീഷണിയാവുകയും റോഡിന്റെ ഒരു വലിയ ഭാഗം ഒലിച്ചുപോവുകയും ചെയ്തു. സികാര്‍, ഝുന്‍ഝുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന കട്ലി നദിയില്‍ മഴക്കാലത്ത് മാത്രമാണ് കാര്യമായി വെള്ളമുണ്ടാവുക. എന്നാല്‍ അടുത്ത കാലത്തായി നദീതീരത്ത് നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു.അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
ഝുന്‍ഝുനു, സികാര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശീയപാത 52-മായി ബാഗുലിയെയും ജഹാജിനെയും ബന്ധിപ്പിക്കുന്നതിനായി ആറ് മാസം മുമ്പാണ് ഈ സംസ്ഥാന പാത നിര്‍മ്മിച്ചത്. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.