ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച;സഞ്ചാരികൾ ദുരിതത്തിൽ

കാഴ്ചപരിധി കുറവായതിനാൽ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.വിമാന കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്

author-image
Devina
New Update
jammuu

ശ്രീനഗർ: ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച. ശക്തമായ മഞ്ഞുവീഴ്ചയിൽ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ജമ്മു കശ്മീരിൽ കിഷ്ത്വാർ, കുൽഗാം, ബന്ദിപ്പോറ, ശ്രീനഗർ, പുൽവാമ, കുപ്വാര എന്നിവിടങ്ങളിൽ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.

നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടർന്ന് ദേശീയപാത 44-ൽ വാഹനസഞ്ചാരം നിരോധിച്ചു. മുഗൾ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവിൽ അടച്ചിരിക്കുകയാണ്. കാഴ്ചപരിധി കുറവായതിനാൽ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

വിമാന കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.മഞ്ഞുവീഴ്ച വിമാന സർവീസുകളെ ബാധിക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മാത്രം 50 വിമാനങ്ങൾ ആണ് റദ്ദാക്കിയത്.

കാലാവസ്ഥാ പ്രവചനം അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി മഞ്ഞുവീഴ്ചയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ സ്ഥിതി ഇനിയുംസങ്കീർണ്ണമാകാനാണ് സാധ്യത.

ഹിമാചൽപ്രദേശിൽ മോശം കാലാവസ്ഥയിൽ സംസ്ഥാനത്തെ 1,250ലധികം റോഡുകൾ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയിലാണ്. പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികൾ തുടരുകയാണ്.

 മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയ സഞ്ചാരികൾ പലരും ഗതാഗത കുരുക്കിനെ തുടർന്ന് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ ശുചിമുറിയോ ഇല്ലാതെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

മണാലിയിൽ എത്തിയ ഡൽഹി സ്വദേശികൾക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് വലിയ ദുരിതമാണ്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് 40 മണിക്കൂറിലധികം സമയം യുവാക്കൾ കാറിനുള്ളിൽ ചെലവഴിക്കേണ്ടി വന്നു. സഞ്ചാരികൾ പലരും കുടുങ്ങിക്കിടക്കുകയാണ്.

ഇവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകരൽങ്ങളില്ല. കുടിവെള്ളവും ശുചിമുറിയും ലഭ്യമല്ല.