മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ചെന്നൈ നഗരം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതോടെയാണ് ചെന്നൈ നഗരത്തില്‍ കനത്ത മഴ പെയ്യുമെന്ന പ്രവചനം കാലാവസ്ഥാ വകുപ്പ് നടത്തിയിരിക്കുന്നത്.
തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും രണ്ടു ദിവസത്തിനകം വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങിയേക്കാം എന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഫെംഗല്‍ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. സൗദി അറേബ്യയാണ് പേരു നല്‍കിയത്.
നിലവില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റ് എവിടെ കരതൊടുമെന്നോ എപ്പോള്‍ കരതൊടുമെന്നോ ഇപ്പോള്‍ പറയാനാവില്ല എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കാറ്റിന്റെ വേഗവും ദിശയും നിരീക്ഷിക്കുകയാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കില്‍ ചെന്നൈയ്ക്ക് സമീപം കരതൊട്ടേക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിനിടെ അറുമ്പാക്കം, വിരുഗംപാക്കം എന്നിവിടങ്ങളില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ മഴയില്‍ വിരുഗംപാക്കം കനാല്‍ നിറഞ്ഞുകവിഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന്, കനാലിന്റെ വീതി കൂട്ടുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയിരുന്നു. ഈ പ്രവൃത്തികളുടെ പുരോഗതിയും മന്ത്രി പരിശോധിച്ചു. മുന്‍പു വെള്ളക്കെട്ട് ഉണ്ടായ സമീപ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നഗരത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. മധുര, തിരുവനന്തപുരം, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഏറെ വൈകിയാണ് ലാന്‍ഡ് ചെയ്തത്. ഹൈദരാബാദ്, ഡല്‍ഹി, സെക്കന്തരാബാദ്, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും പുറപ്പെടാന്‍ വൈകി.