വ്യാപാര കരാര്‍; പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം യു എസ്സിലേക്ക്

എച്ച്1ബി വിസ അപേക്ഷാ ഫീസ് 1,00,000 ഡോളറായി വര്‍ദ്ധിപ്പിക്കാനുള്ള യുഎസ് തീരുമാനവും ഇന്ത്യയുടെ ഐടി സേവന മേഖലയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമാകാന്‍ സാധ്യതയുണ്ട്

author-image
Biju
New Update
goyal

ന്യൂഡല്‍ഹി: വ്യാപാര, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നാളെ യു എസ്സിലേക്ക്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ന്യൂയോര്‍ക്കില്‍ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളും സംഘത്തിലുണ്ട്.

പരസ്പരം ഗുണകരമായ ഒരു വ്യാപാര കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബര്‍ 16-ന് യുഎസ് വ്യാപാര പ്രതിനിധികളുടെ സംഘം ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ കൂടിക്കാഴ്ച. അന്ന് നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എച്ച്1ബി വിസ അപേക്ഷാ ഫീസ് 1,00,000 ഡോളറായി വര്‍ദ്ധിപ്പിക്കാനുള്ള യുഎസ് തീരുമാനവും ഇന്ത്യയുടെ ഐടി സേവന മേഖലയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമാകാന്‍ സാധ്യതയുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടര്‍ന്നു. 131.84 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇത് 2030-ഓടെ 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

നേരത്തെ, മെയ് മാസത്തില്‍ പിയൂഷ് ഗോയല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ഗോയല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.