/kalakaumudi/media/media_files/4i5PvtWvoaHwolS5qQzi.jpeg)
ഷിംല: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിലെ മുന്നു ജില്ലകളിൽ മരിച്ചവരുടെ എണ്ണം 11 ആയി. കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന് രാത്രിയായിരുന്നു മേഘവിസ്ഫോടനം. 40 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്നിഫർ നായ്ക്കളെ ഉൾപ്പെടെ ഉപയോഗിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റാംപുർ സബ്ഡിവിഷനിലെ സർപാറ ഗ്രാമത്തിൽനിന്ന് 30ൽ അധികം പേരെ കാണാതായി. തിരച്ചിലിൽ ഊർജ്ജിതമാക്കുന്നതിന് കൂടുതൽ മെഷീനുകൾ എത്തിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞത് തിരച്ചിലിന് ഗുണകരമായതായി സർപാര ഗ്രാമത്തിലെ സി.എൽ.നേഗി അറിയിച്ചു.
പ്രളയം ബാധിച്ചവർക്ക് അടിയന്തര സഹായമായി 50,000 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. അടുത്ത മൂന്നുമാസത്തേക്ക് ഇവർക്ക് വാടകയിനത്തിൽ 5000 രൂപയും പാചകവാതകം, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും നൽകും. ജൂൺ 27 മുതൽ ഓഗസ്റ്റ് മൂന്നുവരെയുള്ള മൺസൂൺ കാലത്ത് ആകെ 662 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. 79 പേർക്കാണ് മഴ അനുബന്ധ അപകടങ്ങളിൽ ജീവൻ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
