/kalakaumudi/media/media_files/PENVUijI0adwj9onnlCl.jpeg)
ഷിംല: എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍. ഇനി മുതൽ , കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.
കഴിഞ്ഞദിവസമാണ് കൂറുമാറിയ എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് സഭയിലെത്തിയത്. 'ഹിമാചൽ പ്രദേശ് നിയമസഭ (അം​ഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബില്‍ 2024' എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആണ് സഭയിൽ അവതരിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോ​ഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു.
അതേസമയം, ബജറ്റ് അവതരണവേളയിൽ പാർട്ടി വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്ന ആറ് കോൺ​ഗ്രസ് എം.എൽ.എമാരെ ഈ വർഷം ഫെബ്രുവരിയിൽ ആയോ​ഗ്യരാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ആറുപേരും ഉപതിരഞ്ഞെടുപ്പിൽ പിന്നീട് മത്സരിച്ചെങ്കിലും രണ്ടുപേർക്ക് മാത്രമേ വിജയിച്ച് സഭയിലേക്ക് തിരിച്ചെത്താനായുള്ളു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
