ന്യൂഡല്‍ഹി: ലോകത്തെ വിറപ്പിച്ച കോവിഡിനു പിന്നാലെ ചൈനയില്‍ നിന്ന് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് അഥവാ എച്ച്എംപിവി വൈറസ് ചൈനയില്‍ വ്യാപകമായി പടരുകയാണ്. ഇപ്പോഴിതായ ആശങ്ക വര്‍ദ്ധിപ്പിച്ച് ഇന്ത്യയിലും ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു.
ബെംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഏറ്റവും ആശങ്കയുണ്ടാക്കുന്നത് ഈ കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല എന്നതാണ്. പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയതായി കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. വിവരം കര്‍ണാകട കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ചൈനയില്‍വ്യാപിക്കുന്ന എച്ച്എംപിവിയുടെ അതേ വര്‍ഗ്ഗത്തില്‍പ്പെട്ട വൈറസാണോ ബെംഗളൂരുവില്‍ സ്ഥിരീകരിച്ചത് എന്നു വ്യക്തമല്ല.
അതിനിടെ, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി ക്രമീകരണങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശം പുറത്തിറക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പര്‍ക്കത്തിലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ വൈറസ് ബാധയ്ക്കുള്ള കൂടുതല്‍ സാധ്യത ആര്‍ക്കൊക്കെയാണ്? രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കൂടുതല്‍ ബാധിക്കുക.
ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതു പോലെ ഇത്ര വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നില്ല.
എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്‌സീനോ ലഭ്യമല്ല എന്നതാണ് പ്രധാന വെല്ലുവിളി. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്.
ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം മാരകമായേക്കാം.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
എച്ച്എംപിവി സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ചുമ, ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്കും വൈറസ് ബാധ നയിച്ചേക്കാം. എച്ച്എംപിവി ശരീരത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അതായത് ഇന്‍കുബേഷന്‍ പിരീഡ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.
എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പകരുന്നു.