/kalakaumudi/media/media_files/2025/09/03/piyush-2025-09-03-14-38-30.jpg)
ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇരട്ട നികുതി ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡൽഹിയിൽ ഒരു വ്യവസായ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയൽ. യൂറോപ്യൻ യൂണിയൻ, ചിലി, പെറു, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ വ്യാപാര ഉടമ്പടികൾ ഉണ്ടാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും, കൂടാതെ യുകെ, യുഎഇ എന്നിവയുമായി കരാറുകൾ ഒപ്പിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള വളർച്ചയുടെ 18% സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തിയ പ്രശ്‌നം പരിഹരിക്കുന്നത് കരാറിന് നിർണായകമാകും. നിലവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുകയാണെന്നും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50% തീരുവയ്ക്ക് ഉടൻ തിരിച്ചടി നൽകാൻ ഇന്ത്യക്ക് പദ്ധതിയില്ലെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിൽ നിന്ന് എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിനെ തുടർന്നാണ് അമേരിക്ക ഓഗസ്റ്റ് 27-ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയത്. ഇത് നേരത്തെ നിലവിലുണ്ടായിരുന്ന 25% തീരുവയ്ക്ക് പുറമെയാണ്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ മൊത്തം 50% തീരുവ നൽകണം. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ കുറേ മാസങ്ങളായി ഇരു രാജ്യങ്ങളും വ്യാപാരക്കരാർ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ഓഗസ്റ്റ് 25-ന് ന്യൂഡൽഹിയിൽ നടക്കേണ്ടതായിരുന്നു. എന്നാൽ അമേരിക്കൻ പ്രതിനിധി സംഘം അവരുടെ സന്ദർശനം റദ്ദാക്കി. ഈ വർഷം അവസാനത്തോടെ ചർച്ചകളുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. നിലവിൽ 191 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യൺ ഡോളറായി ഉയർത്താനും കരാർ ലക്ഷ്യമിടുന്നു.അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളായ ചോളം, സോയാബീൻ, ആപ്പിൾ, ബദാം, എഥനോൾ, തുടങ്ങിയവയുടെ തീരുവ കുറയ്ക്കാനും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ചെറുകിട കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. അമേരിക്ക ചുമത്തിയ 50% തീരുവയ്ക്ക് ശേഷം ഇന്ത്യ അവരുടെ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എപ്പോഴാണ് ഈ വാഗ്ദാനം നൽകിയത് എന്നതിനെക്കുറിച്ചോ, വൈറ്റ് ഹൗസ് ചർച്ചകൾ പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ വ്യക്തമല്ല.