ബംഗ്ലാദേശിള്‍ക്ക് ഇനി ചികിത്സ നല്‍കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി

അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

author-image
Prana
New Update
bangladesh anti india

ബംഗ്ലാദേശ് പൗരന്‍മാരെ ചികിത്സില്ലെന്ന സര്‍ക്കുലര്‍ ഇറക്കി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി. അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ ബംഗ്ലാദേശില്‍ വര്‍ധിക്കുകയാണെന്നും ഇന്ത്യന്‍ പതാകയെ അവര്‍ അപമാനിച്ചെന്നും അതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ത്രിവര്‍ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇന്ത്യ മുന്നില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാല്‍ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' ജെ എന്‍ റായ് ആശുപത്രി ഡയറക്ടര്‍ സുബ്രാന്‍ഷു ബക്ത വ്യക്തമാക്കി.
നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ഇതേ നിലപാടുമായി രംഗത്തെത്തിയിരുന്നു. ബംഗ്ലേദശില്‍ നിന്നുള്ള രോഗികളെ ഇനി ചികിത്സിക്കില്ലെന്നാണ് ഇന്ദ്രാനില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബംഗ്ലാദേശികള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ പതാകയെ അവഹേളിച്ചത്. ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നടക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഈ സര്‍വകലാശാലകളുടെ കവാടത്തില്‍ ഇന്ത്യന്‍ പതാക പെയ്ന്റ് ചെയ്തുവെയ്ക്കുകയും ഒട്ടിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിലാണ് വിദ്യാര്‍ഥികള്‍ ചവിട്ടി നടന്നത്.

kolkata bangladesh hospital treatment india