ജിഎസ്ടി നിരക്ക്; പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ വിലക്കുറവ് പ്രതിഫലിക്കു

വിലക്കുറവ് സംബന്ധിച്ച് വന്‍കിട കമ്പനികള്‍ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു

author-image
Biju
New Update
gst

ന്യൂഡല്‍ഹി : നാളെ മുതല്‍ രാജ്യം പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറയും. 

അതേസമയം ചില ആഡംബര വസ്തുക്കള്‍ക്ക് വില വര്‍ധിക്കും. പുതിയ മാറ്റമനുസരിച്ച്, നിലവിലുണ്ടായിരുന്ന 5, 12, 18, 28 ശതമാനം എന്നീ നാല് സ്ലാബുകള്‍ക്ക് പകരം 5 ശതമാനം, 18 ശതമാനം, എന്നിങ്ങനെ 2 പ്രധാന സ്ലാബുകളാണ് ഉണ്ടാകുക. സിഗരറ്റ്, പാന്‍മസാല അടക്കമുള്ളവയുടെയും ആഡംബര വസ്തുക്കളുടേയും നികുതി 40 ശതമാനമായി തുടരും. 

വിലക്കുറവ് സംബന്ധിച്ച് വന്‍കിട കമ്പനികള്‍ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു.

നികുതി കുറയുന്നവ:

സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 
ഇവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു.

ടിവി (32 ഇഞ്ചിന് മുകളില്‍), എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയും.

ചെറിയ കാറുകള്‍, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ വിലയും കുറയും.

സിമന്റ്, ട്രാക്ടറുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലും കുറവുണ്ടാകും.

ചില ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ആരോഗ്യ ഉത്പന്നങ്ങള്‍ക്കും നികുതി കുറച്ചിട്ടുണ്ട്.

നികുതി കൂടുന്നവ:

പുകയില ഉത്പന്നങ്ങള്‍, മദ്യം, ഓണ്‍ലൈന്‍ ചൂതാട്ടം തുടങ്ങിയവക്ക് 40 ശതമാനം വരെ നികുതി വര്‍ധനവ് ഉണ്ടാകും. ഇത് ഈ ഉത്പന്നങ്ങളുടെ വില കൂട്ടും.

gst