/kalakaumudi/media/media_files/2025/10/18/flat-2025-10-18-15-25-23.jpg)
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ എംപിമാരുടെ താമസസ്ഥലമായ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. ഡല്‍ഹിയിലെ ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്റ്സില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റുകളിലാണ് തീ പടര്‍ന്നത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് 3 എംപിമാരാണ് ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നത്. ജെബിമേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ഇവിടെയുള്ളത്. ഫ്‌ളാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
ബേസ്‌മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. കെട്ടിടത്തില്‍ അധികം ആളുണ്ടായിരുന്നില്ലെന്നാണ് വിവരം. ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഒന്‍പത് നില കെട്ടിടത്തിന്റെ മൂന്ന് നിലകളില്‍ തീ പടര്‍ന്നിട്ടുണ്ട്.
വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് കേവലം 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ തീ പടരുന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സാകേത് ഗോഖലെ എംപിയാണ് അപകടം എക്സിലൂടെ അറിയിച്ചത്. തീപിടിത്തമുണ്ടായി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഫയര്‍ഫോഴ്സ് എത്തിയില്ലെന്ന് സാകേത് ഗോഖലെ പറഞ്ഞു.