/kalakaumudi/media/media_files/2025/12/08/hyd-2025-12-08-16-23-16.jpg)
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിലുകള്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ലണ്ടന്‍ ഹീത്രോയില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള ലുഫ്താന്‍സ വിമാനം എല്‍എച്ച് 752, കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് പി.ടി.ഐ. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂര്‍ത്തിയാക്കി സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ അടിയന്തര പ്രതികരണ നടപടിക്രമങ്ങള്‍ നടത്തിയിരുന്നു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റുക, യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റുകളെ വിന്യസിക്കുക, വിമാനവും പരിസരവും പരിശോധിക്കാന്‍ ഡോഗ് സ്‌ക്വാഡുകളെ നിയോഗിക്കുക തുടങ്ങിയ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഓരോ വിമാനത്തിലും നിര്‍ബന്ധിത സുരക്ഷാ ഡ്രില്‍ പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, വിമാനങ്ങളില്‍ നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷവും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ എമിറേറ്റ്‌സിന്റെ ദുബായ്-ഹൈദരാബാദ് സര്‍വീസിനും, മദീന, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചിരുന്നു. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയും, മദീന-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
