മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീം കോടതി നോട്ടീസ്; ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ സ്റ്റേ ചെയ്തു

കല്‍ക്കട്ട ഹൈക്കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളില്‍ സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. കോടതി മുറികളിലെ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

author-image
Biju
New Update
mm4

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു.

കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി.കെ. മിശ്ര, വിപുല്‍ എം. പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. റെയ്ഡ് നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും കൃത്യമായി സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഗൗരവകരമായ വിഷയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 'രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കാനും ഓരോ ഭരണഘടനാ സ്ഥാപനത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഉണ്ടാകണം. അന്വേഷണ ഏജന്‍സികള്‍ നിയമപരമായി പ്രവര്‍ത്തിക്കുമ്പോള്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അവരെ തടസ്സപ്പെടുത്തുന്നത് ശരിയല്ല,' എന്ന് കോടതി വ്യക്തമാക്കി.

കല്‍ക്കട്ട ഹൈക്കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളില്‍ സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. കോടതി മുറികളിലെ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 8-നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിയന്ത്രിക്കുന്ന ഐ-പാക് ഓഫീസുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. പരിശോധന നടക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തുകയും അവിടെ നിന്ന് ലാപ്‌ടോപ്പും ഫയലുകളും എടുത്തുമാറ്റുകയും ചെയ്തുവെന്നാണ് ഇ.ഡിയുടെ ആരോപണം. 

ഇതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.