/kalakaumudi/media/media_files/2025/10/24/assam-2025-10-24-08-24-20.jpg)
ദിസ്പൂര്‍: അസമില്‍ റെയില്‍വേ ട്രാക്കിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി നീക്കമെന്ന് സംശയത്തില്‍ പോലീസ്. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടകള്‍ക്ക് പങ്കുണ്ടോയെന്ന് കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കൊക്രജാര്‍, സലാകതി സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
കൊക്രഝര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററിനപ്പുറത്താണ് സ്‌ഫോടനം നടന്നത്. പൊട്ടിയത് ഐഇഡി എന്നാണ് സംശയം. ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്നു.
സംഭവത്തില്‍ റെയില്‍വേയും പൊലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസം ഡിജിപി ഹര്‍മീത് സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമായിരുന്നെന്നും റെയില്‍വേ ട്രാക്കിന്റെ 8-10 അടിയോളം ഭാഗം തകര്‍ന്നുവെന്നും ഐജിപി ബിടിഎഡി വിവേക് രാജ് സിംഗ് പരിശോധനകള്‍ക്ക് ശേഷം പറഞ്ഞു. സംഭവത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
