/kalakaumudi/media/media_files/2025/03/27/8FyDLzlZdONUtK3kKC1V.jpg)
ന്യൂഡല്‍ഹി : കേരളത്തില്‍ ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ ഓരോ സ്ഥാനാര്‍ഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷന്മാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.
ഡല്‍ഹിയില്‍ ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും, നിങ്ങള്‍ ഞങ്ങളുടെ ആദ്യ പ്രതിരോധ നിരയാണ്. ഞങ്ങളുടെ തന്ത്രം ആസൂത്രണം ചെയ്യുന്നതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നിര്‍ണായകമാകും. അവ ഞങ്ങള്‍ കണക്കിലെടുക്കുമെന്നും ഖര്‍ഗെ പറഞ്ഞു.
''2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ ബിജെപി സഖ്യത്തിനെതിരെ ഒറ്റക്കെട്ടായി പോരാടി. അവരെ 240 സീറ്റുകളിലേക്ക് ഒതുക്കി. ഭരണഘടന മാറ്റാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും രഹസ്യ ആഗ്രഹത്തെ, ഭരണഘടനയെ സംരക്ഷിക്കുക എന്ന പ്രചാരണം വഴി തുറന്നുകാട്ടാന്‍ നമുക്കു കഴിഞ്ഞു. ഇന്ന് ബിജെപിക്ക് ഭൂരിപക്ഷമില്ല.
രണ്ട് സഖ്യകക്ഷികളെ ആശ്രയിച്ചാണ് അവരുടെ ഭരണം. 400 സീറ്റുകള്‍ അവകാശപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് നമ്മള്‍ വലിയ തിരിച്ചടി നല്‍കി. കോണ്‍ഗ്രസ് കൂടുതല്‍ കഠിനാധ്വാനം ചെയ്തിരുന്നെങ്കില്‍, 20-30 സീറ്റുകള്‍ കൂടി നേടാമായിരുന്നു. അത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചേനേ. എങ്കില്‍, നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആസൂത്രിത ആക്രമണം തടയാന്‍ കഴിയുമായിരുന്നു.
ബിജെപിക്കും ആര്‍എസ്എസിനുമെതിരായ നമ്മുടെ പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും തുടരും. ഈ പോരാട്ടം നമ്മള്‍ തെരുവിലും തുടരണം. ജില്ലാ പ്രസിഡന്റുമാരുടെ പങ്ക് അതില്‍ നിര്‍ണായകമാണ്. നിങ്ങള്‍ ഞങ്ങളുടെ സന്ദേശവാഹകര്‍ മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍മാരാണ്, മുന്നില്‍നിന്നു നയിക്കുന്നവരാണ്. അതിനാല്‍, നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത രാഹുല്‍ ഗാന്ധിയും ഞാനും തിരിച്ചറിഞ്ഞു. പ്രാദേശിക നേതാക്കളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുപകരം ഏറ്റവും കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരും കഠിനാധ്വാനികളുമായ വ്യക്തികളെ ഡിസിസികളുടെ ചുമതലയില്‍ നിയോഗിക്കേണ്ടത് അത്യാവശ്യമാണ്'' ഖര്‍ഗെ പറഞ്ഞു.