അഴിമതി ആരോപണത്തില്‍ ഉലഞ്ഞിരിക്കുന്ന കോണ്‍ഗ്രസിനെ മറികടക്കാന്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് തലസ്ഥാനത്ത് എഎപിയും കെജ്രിവാളും.സൗജന്യ വൈദ്യുതി വേണമെങ്കില്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ വേണമെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്തോളൂ എന്നുമാണ് ആംആദ്മി പാര്‍ട്ടി (എഎപി) കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. 'വൈദ്യുതി ബില്ല് വേണ്ടെങ്കില്‍, ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂ, വൈദ്യുതി ബില്ലായി ഭീമമായ തുക വേണമെന്നുള്ള എല്ലാവര്‍ക്കും ബിജെപിക്ക് വോട്ട് ചെയ്യാം. സര്‍ക്കാര്‍ രൂപീകരിക്കുന്ന മുറയ്ക്ക് വൈദ്യുതി സബ്സിഡി നിര്‍ത്തലാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ സൗജന്യ വൈദ്യുതിക്ക് എതിരാണ്,' ജംഗ്പുരയില്‍ മനീഷ് സിസോദിയയുടെ പ്രചാരണത്തിനിടെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷമായി ജംഗ്പുരയില്‍ നിന്ന് ഞങ്ങള്‍ക്ക് അതിശയകരമായ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്. ഇക്കാരണത്താലാണ് ഞാന്‍ എന്റെ പ്രിയപ്പെട്ട മനീഷ് സിസോദിയയെ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൈമാറിയത്. അദ്ദേഹം എന്റെ പ്രിയപ്പെട്ടവനാണ്, എന്റെ ഇളയ സഹോദരനാണ്, കൂടാതെ എന്റെ സേനാപതിയും. ജംഗ്പുരയിലെ വികസനം വര്‍ദ്ധിപ്പിക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന എല്ലാ പ്രവൃത്തികളും ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.