ചെന്നൈ: വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജയെ ക്ഷേത്രത്തില്‍ തടഞ്ഞതിനെച്ചൊല്ലി വിവാദം. ശ്രീവില്ലിപൂത്തൂര്‍ ആണ്ടാള്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഇളയ രാജയെ അര്‍ഥമണ്ഡപത്തില്‍ കയറുന്നതില്‍നിന്നാണ് അധികൃതര്‍ തടഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയായി.
ശ്രീവില്ലിപൂത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് പെരിയ പെരുമാള്‍ ക്ഷേത്രം,നന്ദാവനം തുടങ്ങിയവയില്‍ അദ്ദേഹം ദര്‍ശനം നടത്തി.
ഇതിനു പിന്നാലെ ആണ്ടാള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള അര്‍ത്ഥമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍നിന്നാണ് തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അര്‍ത്ഥമണ്ഡപത്തിന് പുറത്തു നിന്ന് പ്രാര്‍ത്ഥന നടത്തി.
ക്ഷേത്രത്തിലെത്തിയ ഇളയരാജയെ പുരോഹിതന്മാര്‍ മാല അണിയിച്ചു ആദരിച്ചു. ഇളയരാജയെ തടഞ്ഞതില്‍, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്.
അര്‍ഥമണ്ഡപത്തിൽ പുരോഹിതര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടൊള്ളു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ജാതി അധിക്ഷേപമാണ് നടന്നതെന്ന് മറുവിഭാഗം പറയുന്നു. സംഭവത്തില്‍ ഇളയരാജ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുവണ്ണാമലൈ ജില്ലാ കലക്ടര്‍ക്ക് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ പ്രവേശനം നിഷേധിച്ചിരുന്നു.