/kalakaumudi/media/media_files/2025/08/05/utta-2025-08-05-15-25-38.jpg)
ഡെറാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. ആയിരത്തോളം വീടുകള്‍ ഒലിച്ചുപോയയതായി വിവരം. വീടുകള്‍ക്കുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണകൂടം പറയുന്നു.
ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് കേള്‍ക്കാം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 500 ലേറെ പേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. ഖീര്‍ ഗംഗാ മേഖലയില്‍ ശക്തമായ മേഘവിസ്ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. ഖിര്‍ഗഢിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ധരാളി മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയും നിരവധി വീടുകളും സ്ഥാപനങ്ങളും ഒലിച്ചുപോവുകയുമായിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.