/kalakaumudi/media/media_files/2024/10/26/tnV1pDXQcjqvynPCKWa7.jpeg)
ബെംഗളൂരു: അനധികൃത ഇരുമ്പു കടത്തു കേസിൽ കർണാടക കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലിന് എട്ടുവർഷം തടവും 15 കോടി രൂപ പിഴയും വിധിച്ചു. വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ സെയ്‌ലിന് നഷ്ടമാകും. സിബിഐ കേസ് റജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്‌ൽ അറസ്റ്റിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം സെയ്‌ൽ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.
2010ലാണ് ബെലിക്കേരി ഇരുമ്പയിര് കുംഭകോണം പുറത്തു വരുന്നത്. കർണാടകയിലെ ബെല്ലാരിയടക്കമുള്ള ഖനനമേഖലയിലെ വനഭൂമിയിൽ നിന്ന് കുഴിച്ചെടുത്ത ഇരുമ്പയിര് വനംവകുപ്പ് പിടിച്ചെടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ സതീഷ് സജീവമായിരുന്നു.
സതീഷ് കൃഷ്ണ സെയിൽ, തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴു പേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ കോടതിയിൽ വാദിച്ചിരുന്നു.