ന്യൂഡല്‍ഹി: രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വലിയൊരു പങ്ക് ഡോക്ടര്‍മാരും സുരക്ഷിതരല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) സര്‍വെ റിപ്പോര്‍ട്ട്. രാജ്യത്തെ 3885 ഡോക്ടര്‍മാരിലായിരുന്നു പഠനം നടത്തിയത്. ഇതില്‍ 35 ശതമാനം പേരും സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 മുതല്‍ 30 വയസ്സുവരെയുള്ള വനിതകളാണ് രാത്രികാല ഡ്യൂട്ടികളില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യൂട്ടിറൂമുകളുടെ അഭാവം, അപര്യാപ്തമായ സുരക്ഷാസംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ എന്നിവയാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.
സര്‍വെയില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ 24.1 ശതമാനം പേര്‍ രാത്രികാല ഡ്യൂട്ടികളില്‍ സുരക്ഷിതരല്ലെന്നും 11.4 ശതമാനം പേര്‍ തീരെ സുരക്ഷിതരല്ലെന്നും പ്രതികരിച്ചു. ആശുപത്രികളില്‍ പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, കേന്ദ്രസംരക്ഷണനിയമം നടപ്പാക്കുക തുടങ്ങിയ സുരക്ഷാ നടപടികളുടെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സര്‍വെ ഫലങ്ങള്‍ ഐഎംഎ പുറത്തിറക്കിയത്. ഐഎംഎയുടെ കേരള മെഡിക്കല്‍ ജേണല്‍ ഒക്ടോബറില്‍ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.