/kalakaumudi/media/media_files/2026/02/06/jayalali-2026-02-06-12-03-11.jpg)
ചെന്നൈ: ആദായനികുതി കുടിശികയിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ 'വേദനിലയം' അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31 വരെ പലിശ സഹിതം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കൾ നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ തുക അടച്ചില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.
നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ ദീപയുടെ ഹർജിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് സി. ശരവണന് മുമ്പാകെയാണ് ആദായ നികുതി വകുപ്പിന്റെ റിക്കവറി ഓഫീസർ എസ്. അശോക് കുമാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.ജയലളിതയുടെ നിയമപരമായ അവകാശികളിൽ ഉൾപ്പെട്ടവരാണ് ജെ ദീപയും ദീപകും. 600 കോടിയിലേറെ രൂപയുടെ മൂല്യമാണ് ജയലളിതയുടെ മൊത്തം സ്വത്തുക്കൾക്കുള്ളത്.
2025 ഓഗസ്റ്റ് 4 ന് ആദായ നികുതി വകുപ്പ് നൽകിയ കത്തിൽ ആണ് ആദായ നികുതി സ്വത്ത് നികുതി കുടിശ്ശിക ഇനത്തിൽ 13.69 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടത്. 1990-91 മുതൽ 2011-12 വരെയുള്ള കാലയളവിൽ നികുതി ഡിമാൻഡ്, പലിശ എന്നിവയിനത്തിൽ 36.56 കോടി രൂപയാണ് നൽകാനുള്ളത്. ഈ വിഷയത്തിൽ 2007 ഫെബ്രുവരി 8 ന് റിക്കവറി സർട്ടിഫിക്കറ്റ് നൽകിയിണ്ടായിരുന്നു എന്നും ആദായ നികുതി വകുപ്പ് പറയുന്നു.
36 കോടി രൂപയായിരുന്ന നികുതി കുടിശ്ശിക പിന്നീട് 13 കോടിയായി കുറയ്ച്ചിരുന്നു. ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ഹർജിയിൽ ദീപയുടെ വാദം 18നു കേൾക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
