/kalakaumudi/media/media_files/2025/01/21/aStorUdjqSNM3hRO1Hg3.jpg)
Narendramodi and Donald Trump
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റാായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി കൂടുതല്‍ ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തും.
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കുറച്ച് വ്യവസായികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.ഇതോടൊപ്പം ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയായ കല്‍പേഷ് മേത്തയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കല്‍പേഷ് മേത്തയുമായി ഡോണള്‍ഡ് ട്രംപിന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ജുനിയറിന്റെ കൂടെയാണ് കല്‍പേഷ് മേത്ത പഠിച്ചിരുന്നത്. തുടര്‍ന്നാണ് കൂടുതല്‍ ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാറുണ്ടാക്കിയത്. ട്രംപ് അധികാരമേറ്റതോടെ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കല്‍പേഷ് മേത്ത ഡോണള്‍ഡ് ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജുനിയറും എറിക് ട്രംപും ഇന്ത്യയിലേക്ക് എത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഗുരുഗ്രാമിലും മുബൈയിലും പുനെയിലും നിലവില്‍ ട്രംപ് ടവറുകളുണ്ട്.
കൊല്‍ക്കത്തയിലും ട്രംപ് ടവര്‍ നിര്‍മിക്കുന്നുണ്ട്. അതിന് പുറമെ ആറ് ട്രംപ് ടവറുകള്‍ കൂടി നോയിഡ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ വിവിധയിടങ്ങളിലായിട്ടായിരിക്കും നിര്‍മിക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപിനും ഇടയിലുള്ള ബന്ധം എന്തായിരിക്കുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. ഇതുവരെ മോദിയുമായി ട്രംപ് സംസാരിച്ചിട്ടില്ല.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് വന്‍ നിക്ഷേപം ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.