ന്യൂഡല്‍ഹി: ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുക.
നടപടിക്ക് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിച്ചില്ല എന്നതാണ് ഇതില്‍ പ്രധാന ആരോപണം. സഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രില്‍ 13 വരെ) സസ്‌പെന്‍ഡ് ചെയ്തതാണ് മറ്റൊരു കാരണം. കൂടാതെ, പ്രധാനമന്ത്രിയെ വനിതാ എംപിമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോഴും വനിതാ എംപിമാര്‍ക്കെതിരായ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് മുന്‍പ് സംസാരിക്കാന്‍ സമയം നല്‍കിയിരുന്നു എന്നാണ് സര്‍ക്കാര്‍ വാദം. സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാകാന്‍ സാധ്യത കുറവാണെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഭരണഘടനയുടെ 94, 96 അനുച്ഛേദങ്ങള്‍ പ്രകാരമാണ് സ്പീക്കര്‍ക്കെതിരെ ഇത്തരത്തില്‍ അവിശ്വാസ പ്രമേയം നല്‍കുന്നത്. ഇതിനായി 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്. സഭയിലെ ആകെ അംഗസംഖ്യയുടെ 50 ശതമാനത്തിലധികം പേരുടെ പിന്തുണ (ഇഫക്റ്റീവ് മെജോറിറ്റി) ഉണ്ടെങ്കില്‍ മാത്രമേ പ്രമേയം പാസാക്കാന്‍ സാധിക്കൂ. ഈ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന ഘട്ടത്തില്‍ സ്പീക്കര്‍ക്ക് സഭയില്‍ അധ്യക്ഷത വഹിക്കാന്‍ കഴിയില്ലെന്നും പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണമെന്നും ഭരണഘടനാ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും പാര്‍ലമെന്റിലെ ചര്‍ച്ചാവേളയില്‍ സ്പീക്കര്‍ക്ക് തന്റെ ഭാഗം വ്യക്തമാക്കാന്‍ അവകാശമുണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
