പുണെ: ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്‌ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ ഡെപ്‌സങ്, ഡെംചോക് പ്രദേശങ്ങളിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്. സേനാ പിൻമാറ്റം 29ന് പൂർത്തിയായി. സേനാ പിന്മാറ്റം പൂർത്തിയായ ശേഷം പട്രോളിങ് ആരംഭിക്കും.
‘‘ഇന്നു നാം എത്തിനിൽക്കുന്ന സ്ഥാനത്ത് എത്താനുള്ള കാരണം നിലപാടിൽ ഉറച്ചുനിൽക്കാനും നമ്മുടെ പക്ഷം വ്യക്തമാക്കാനുമുള്ള ദൃഢനിശ്ചയമാണ്. അങ്ങേയറ്റം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളിൽ രാജ്യത്തെ സംരക്ഷിക്കാനായി സൈന്യം അവിടെ (യഥാർഥ നിയന്ത്രണ രേഖ) ഉണ്ടായിരുന്നു. സൈന്യം അവരുടെ കടമ നിറവേറ്റി. നയതന്ത്രവും പങ്കുവഹിച്ചു.’’– ജയശങ്കർ പറഞ്ഞു.
2020 മുതൽ അതിർത്തിയിലെ സാഹചര്യം മോശമായിരുന്നുവെന്നും ജയ്‌ശങ്കർ പറഞ്ഞു. പരിഹാരം കണ്ടെത്തുന്നതിനായി ഇന്ത്യ ശ്രമിച്ചിരുന്നു. 2020 ന് ശേഷം ചില സ്ഥലങ്ങളിൽ സൈനിക പിന്മാറ്റം നടത്തണമെന്ന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നെങ്കിലും, പട്രോളിങ്ങുമായി ബന്ധപ്പെട്ട പ്രധാനഭാഗം അവശേഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
