ഇന്ത്യന്‍ സൈന്യത്തിനായി 156 'പ്രചണ്ഡ്' ഹെലികോപ്റ്ററുകള്‍ എത്തുന്നു

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ കര്‍ണാടകയിലെ ബെംഗളൂരുവിലെയും തുംകൂറിലെയും പ്ലാന്റുകളിലായിരിക്കും ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുക. 'വലിയ' ഉയരമുള്ള പ്രദേശങ്ങളില്‍ എളുപ്പത്തില്‍ പറക്കാന്‍ കഴിയുമെന്നതാണ് 'പ്രചണ്ഡ്' ഹെലികോപ്റ്ററുകളുടെ പ്രധാന സവിശേഷത

author-image
Biju
New Update
SD

ന്യൂഡല്‍ഹി : 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം തദ്ദേശീയ സൈനിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാര്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 156 തദ്ദേശീയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വന്‍തോതില്‍ വാങ്ങുന്നതിന് മന്ത്രിസഭാ സുരക്ഷാ സമിതി അംഗീകാരം നല്‍കി.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍ ആണിത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള (എച്ച്എഎല്‍) ഈ കരാര്‍ 45,000 കോടി രൂപയുടെ മൂല്യമുള്ളതാണ്. എച്ച്എഎല്ലിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ ഓര്‍ഡര്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററിനേക്കാള്‍ പ്രവര്‍ത്തനക്ഷമമായ ഹെലികോപ്റ്ററുകള്‍ ആയാണ് 'പ്രചണ്ഡ്' ഹെലികോപ്റ്ററുകള്‍ അറിയപ്പെടുന്നത്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ കര്‍ണാടകയിലെ ബെംഗളൂരുവിലെയും തുംകൂറിലെയും പ്ലാന്റുകളിലായിരിക്കും ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുക. 'വലിയ' ഉയരമുള്ള പ്രദേശങ്ങളില്‍ എളുപ്പത്തില്‍ പറക്കാന്‍ കഴിയുമെന്നതാണ് 'പ്രചണ്ഡ്' ഹെലികോപ്റ്ററുകളുടെ പ്രധാന സവിശേഷത. മറ്റ് ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് കൂടുതല്‍ ദൂരപരിധി ഉള്ളതിനാല്‍ പാകിസ്താന്‍-ചൈന അതിര്‍ത്തികളായ പര്‍വത പ്രദേശങ്ങളില്‍ അങ്ങേയറ്റം ഉപയോഗപ്രദമാണ് ഈ ഹെലികോപ്റ്ററുകള്‍. അരുണാചല്‍ പ്രദേശിലെ ഇടുങ്ങിയ താഴ്വരകളില്‍ പോലും എളുപ്പത്തില്‍ പറക്കാന്‍ കഴിയുമെന്ന് ഈ ഹെലികോപ്റ്ററുകള്‍ തെളിയിച്ചിട്ടുണ്ട്.

മിസൈലുകളും ഗ്രനേഡ് ലോഞ്ചറുകളും ഉള്‍പ്പടെ 'പ്രചണ്ഡ്' ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ്. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ക്ക് തുടര്‍ച്ചയായി 3 മണിക്കൂറും 10 മിനിറ്റും പറക്കാന്‍ കഴിയും. റഡാര്‍ ഒഴിവാക്കല്‍ സവിശേഷതകള്‍, കവച സംരക്ഷണ സംവിധാനം, രാത്രികാലങ്ങളിലെയും മോശം കാലാവസ്ഥയിലെയും ആക്രമണ ശേഷികള്‍, അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള കഴിവ് എന്നിവയും ഈ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്.

 

Indian army