/kalakaumudi/media/media_files/2025/12/03/kolhi-2-2025-12-03-16-05-06.jpg)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നത് രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് 359 റൺസ് വിജയലക്ഷ്യം. ഋതുരാജ് ഗെയ്ക്‌വാദ് (105), വിരാട് കോലി (102) എന്നിവരാണ് സെഞ്ചറി തികച്ചത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (43 പന്തിൽ 66) അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.
മത്സരത്തിൽ 90 പന്തുകളിൽനിന്നാണ് കോലി സെഞ്ചറിയിലെത്തിയത്. ഏകദിന ഫോർമാറ്റിൽ താരത്തിന്റെ 53–ാം സെഞ്ചറിയാണിത്. രാജ്യാന്തര കരിയറിലെ 84–ാം സെഞ്ചറി നേട്ടം. റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചറി തികച്ചിരുന്നു. 120 പന്തുകൾ നേരിട്ട കോലി 135 റൺസാണു റാഞ്ചിയിൽ അടിച്ചെടുത്തത്. റായ്പൂരിൽ 93 പന്തുകൾ നേരിട്ട കോലി 102 റൺസെടുത്താണു പുറത്താകുന്നത്. സെഞ്ചറി നേട്ടത്തിനു പിന്നാലെ ലുങ്കി എന്‍ഗിഡിയുടെ പന്തിൽ എയ്ഡൻ മാർക്രം ക്യാച്ചെടുത്താണു കോലിയെ മടക്കിയത്.
83 പന്തുകൾ നേരിട്ട ഋതുരാജ് ഗെയ്ക്‌വാദ് 105 റൺസാണ് അടിച്ചെടുത്തത്. രണ്ടു സിക്സുകളും 12 ഫോറുകളും ബൗണ്ടറി കടത്തിയ താരം 77 പന്തിൽ 100 കടന്നു. ഏകദിന കരിയറിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. മാർകോ യാൻസൻ എറിഞ്ഞ 36–ാം ഓവറിൽ ടോണി ഡെ സോർസി ക്യാച്ചെടുത്താണു ഋതുരാജിനെ പുറത്താക്കുന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (22), രോഹിത് ശർമ (14),വാഷിങ്ടൻ സുന്ദർ (ഒന്ന്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സ്കോർ 40 ൽ നിൽക്കെ പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് ജയ്സ്വാൾ മടങ്ങി.
ഗെയ്ക്‌വാദും കോലിയും കൈകോർത്തതോടെ ഇന്ത്യൻ സ്കോർ 200 ഉം കടന്നുമുന്നേറി. ഇരുവരും ചേര്‍ന്ന് 195 റൺസ് ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി പടുത്തുയർത്തിയത്. സ്കോർ 257ൽ നിൽക്കെ ഋതുരാജും 284ൽ കോലിയും പുറത്തായി. പിന്നാലെയിറങ്ങിയ വാഷിങ്ടൻ സുന്ദർ തിളങ്ങാൻ സാധിക്കാതെ മടങ്ങി. കെ.എൽ. രാഹുൽ അനായാസം തകർത്തുകളിച്ചതോടെ ഇന്ത്യ 300 പിന്നിട്ടു. 24 റൺസടിച്ച രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
